*ബശീർ ഫൈസി ദേശമംഗലം*
ഹർത്താൽ ദിനത്തിൽ അവധിയുടെ മൂഡിൽ ആലസ്യത്തിലമരുന്ന മലയാളിയുടെ
പതിവ് ശീലങ്ങൾ തെറ്റിച്ചു ഇതാ കുറച്ചു ചെറുപ്പക്കാർ..
കടകൾ തുറക്കാത്ത കാരണം നിരവധി ദീർഘ ദൂര യാത്രക്കാർ പച്ച വെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയായ നമ്മുടെ നാട്ടിൽ ദേശമംഗലത്തെ വിഖായയുടെ പ്രവർത്തകരാണ് രംഗത്തിറങ്ങിയത്.
അതിനവർ ഏറ്റവും എളുപ്പമായ സൗഹൃദത്തിന്റെ വഴി തിരഞ്ഞെടുത്തു.. ഹർത്താൽ പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ മുന്നൂറോളം കണ്ടെയ്‌നറുകൾ വാങ്ങി ജാതി മത ഭേദമന്യേ വീടുകളിൽ വിതരണം ചെയ്തു. ഉച്ച ഭക്ഷണത്തിന്റെ ഒരോഹരി ധാനം ചെയ്യാൻ പ്രേരിപ്പിച്ചു. പല വീടുകളിലായി തയ്യാറാക്കിയ ഭക്ഷണം ഉച്ചയോടെ ശേഖരിച്ചു. അവ ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമായി
ഷൊറണൂർ റയിൽവേ സ്റ്റേഷൻ,ചെറുതുരുത്തി എന്നിവിടങ്ങളിൽ കൊണ്ട് പോയി. വാഹനം തടയുന്നവർ പോലും ഈ ആവശ്യം പറഞ്ഞപ്പോൾ സഹരിച്ചു. നിയമ പാലകർ പ്രോത്സാഹനം നൽകി. ജാതിയും മതവും നോക്കാതെ വിശന്നവന് അന്നം നല്കി.കുടിക്കാൻ ശുദ്ധ ജലം വിതരണം ചെയ്തു. ഓരോ കണ്ണിലും നന്ദിയുടെ പ്രകാശം തെളിഞ്ചു.
അതെ ഒരു കൂട്ടം ചെറുപ്പക്കാരും വിദ്യാർത്ഥികളും സേവനത്തിന്റെ പുതു ചരിത്രമെഴുതുകയായിരുന്നു. അവധി ദിനം ആഘോഷമാക്കുന്ന യുവതയിൽ നിന്നും കരുണയുടെ കൈകൾ നീട്ടിയപ്പോൾ.ഓരോ വീട്ടിലെ അടുപ്പിലും ഏതോ മനുഷ്യന് വേണ്ടി ഇത്തിരി അന്നം വെന്തു. സ്നേഹത്തോടെ അവർ അത് നല്കി.പരസ്പരം കൊന്നും കൊല വിളിച്ചും കടിച്ചു കീറുന്ന പുതുകാലത്തു അന്യവന് വേണ്ടി ഒരിടം ബാക്കി വെച്ച ഈ നാട്ടകാർ അഭിനന്തനം അർഹിക്കുന്നില്ല!?
ഈ ചെറുപ്പക്കാരെ മാതൃകയാക്കാൻ മലയാളികൾ മനസ് കാണിക്കേണ്ടേ.ദേശമംഗലം യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരെ മുക്തകണ്ഠം പ്രശംസിക്കുന്നു.

