Friday, 17 June 2016

നാരായണ ഗുരുവും വിവേകാനന്ദ സ്വാമികളും ഹൈജാക്ക് ചെയ്യപ്പെട്ടു: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ നബിദിന റാലിയുടെ ഭാഗമായി നടന്ന മൌലിദ് സദസ്സ്

ചാവക്കാട്. മാനവകുലത്തിന്റെ ഉന്നമനത്തിന് വേണ്ടി ശബ്ദിച്ച മഹാമുനികളായ ശ്രീനാരായണ ഗുരുവിനെയും വിവേകാനന്ദ സ്വാമികളെയും ചില വര്‍ഗിയ ശക്തികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ജില്ലാ നബിദിന റാലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

     ഗോവിന് ഗോത്വം പ്രധാനമെന്ന പോലെ മനുഷ്യന് മനുഷ്യത്വം പ്രധാനമാണെന്ന് പഠിപ്പിച്ച വിവേകാനന്ദ സ്വാമികളുടെയും ജാതീയ ഉഛനീചത്ത്വങ്ങള്‍കെതിരെ ശബ്ദിക്കുകയും മനുഷ്യന്റെ സര്‍വോന്മുകമായ സമുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നാരായണ ഗുരുവിന്റെയും പേരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ഈ മഹത്തുക്കളുടെ ആത്മാക്കളോട് കടുത്ത അപരാധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്

     പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹിഷ്ണുതാ മനോഭാവത്തെയും ഇതര മത വിഭാഗങ്ങളോടും അതിലുപരി മുഴുവന്‍ ജീവി വര്‍ഗത്തോടും സസ്യങ്ങളോടു പോലും കാണിച്ച കാരുണ്യത്തെയും സ്‌നേഹത്തെയും വാനോളം പുകഴ്ത്തിയവരായിരുന്നു ഈ മഹത്തുക്കള്‍.ബഹുസ്വര സമൂഹത്തില്‍ മുഹമ്മദ് നബിയും അനുയായികളും കാഴ്ച വെച്ച ഭരണ രീതിയും ഏവരാലും പ്രശംസിക്കപ്പെട്ടതാണ്. .ഭീകരമായ അസഹിഷ്ണുത വളര്‍ത്തുന്ന ആര്‍ എസ് എസിന്റെയും വെള്ളാപ്പള്ളി നടേശന്റെയും ശ്രമങ്ങള്‍ പ്രബുദ്ധരായ കേരളീയ സമൂഹത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.